Uncategorized

ഇരിട്ടി ജന വാസ മേഖലയിൽ കാട്ടാനയിറങ്ങി ; വാഴകൾ അടക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചു

ഇരിട്ടി: ആറളം വട്ടപ്പറമ്പിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വാഴകൾ അടക്കമുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. രണ്ടാഴ്ച്ചക്കിടെ രണ്ടാം തവണയാണ് കാട്ടാന എത്തി വൻ കൃഷി നാശം വരുത്തിയത്. ആറളം ഫാം ബ്ലോക്ക് മൂന്നിലെ കൃഷിയിടത്തിൽ താവളമാക്കിയ ആനയാണ് കക്കുവ പുഴ കടന്ന് ജനവാസ മേഖലയിൽ എത്തിയത്. കക്കുവ പുഴയോരത്തെ ഷാന്റോ മാത്യു അന്തിനാട്ട്, ജെയിംസ് അന്തിനാട്ട് എന്നിവരുടെ കൃഷിയിടത്തിൽ ആണ് വലിയ നാശമുണ്ടാക്കിയത്. ബുധനാഴ്ച പുലർച്ചെയോടെ എത്തിയ കാട്ടാന 30തോളം കുലച്ച നേന്ത്രവാഴകൾ നിറയെ കായ്ഫലമുള്ള കവുങ്ങ് ഉൾപ്പടെ കുത്തിവീഴ്ത്തി നശിപ്പിച്ചു . രണ്ടാഴ്ച്ച മുൻപും ഇതേ കൃഷിയിടത്തിൽ എത്തിയ ആന ഷാന്റോ മാത്യു അന്തിനാട്ടിന്റെ നൂറോളം വാഴകൾ നശിപ്പിച്ചിരുന്നു.
കവുങ്ങ് മറച്ചിടുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ആനയാണെന്ന് മനസിലായതെന്ന് ജെയിംസ് അന്തിനാട്ട് പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെ പുഴ കടന്നെത്തിയ ആനയെ പടക്കം പൊട്ടിച്ചാണ് കൃഷിയിടത്തിൽ നിന്നും തുരത്തിയത്. വനം വകുപ്പുകാരും സ്ഥലത്ത് എത്തിയിരുന്നു. പുഴയുടെ മറുകരയിലുള്ള ആറളം ഫാമിൽ നിന്നുമാണ് ആന പുഴകടന്നെത്തുന്നത്. ഷാന്റോ മാത്യു 50000 രൂപ മുക്കി സൗരോർജ്ജ വേലി സ്ഥാപിച്ചിരുന്നെങ്കിലും വേലിയുടെ ഒരു ഭാഗം തകർത്താണ് ആന എത്തിയത്. വർഷങ്ങളായി ആറളം ഫാമിൽ കാട് വെട്ടിതെളിക്കാഞ്ഞതിനാൽ പകൽ സമയങ്ങളിൽ ഇവിടങ്ങളിൽ താവളമാക്കുന്ന ആനകളാണ് രാത്രി പുഴ കടന്ന് ജനവാസ മേഖലയിലേക്ക് എത്തുന്നത്. മേഖലയുടെ പലഭാഗങ്ങളിലും ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഴ അതിർത്തിയിൽ തൂക്ക് വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പരിപാലിക്കപ്പെടുന്നില്ല. വനം വകുപ്പിന്റെ താല്ക്കാലിക വാച്ചർമാരെ ഇതിനായി നിയമിച്ചിരുന്നെങ്കിലും ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. തൂക്ക് വേലിയിൽ വള്ളികൾ പടർന്നു കയറി നശിക്കുകയാണ്. വട്ടപ്പറമ്പ് മേഖലയിൽ ആനശല്യം രൂക്ഷമായതോടെ കഴിഞ്ഞ വർഷം പ്രദേശവാസികൾ വനം വകുപ്പ് ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷോധത്തെ തുടർന്ന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button