കോടികൾ വാങ്ങി റേറ്റിംഗ് അട്ടിമറി, ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് ബാര്‍ക് ജീവനക്കാരന്റെ വാലറ്റിലേക്ക് എത്തിയ കോടികള്‍ എവിടെ നിന്ന്?, അന്വേഷണം വേണം: കെ സുധാകരൻ എം പി

ബാർക്ക് തട്ടിപ്പിലെ ട്വന്റിഫോർ കണ്ടെത്തലിൽ പ്രതികരിച്ച് കെ സുധാകരൻ എം പി. കോടികൾ വാങ്ങി റേറ്റിംഗ് അട്ടിമറിക്കുന്ന സംഘത്തെ കുറിച്ച് അന്വേഷണം വേണം. കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തട്ടിപ്പ് അല്ല. ചാനൽ ഉടമയുടെ അക്കൌണ്ടിൽ നിന്ന് പ്രേംനാഥിന്റെ വാലെറ്റിൽ എത്തിയ കോടികൾ എവിടെ നിന്ന്. ഇത് പല അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് നടന്നത്. ഈ പണം ശരിയായി ഉണ്ടാക്കിയത് അല്ല. അഴിമതിപണത്തിൽ അന്വേഷണം നടത്താൻ ആണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. ബാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ട്വന്റിഫോറിന്റെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. അഞ്ച് ചോദ്യങ്ങളാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഡീന്‍ കുര്യാക്കോസും കെ സുധാകരനും ഉന്നയിച്ചത്.
ട്വന്റിഫോര്‍ പുറത്തുവിട്ട വെളിപ്പെടുത്തലിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് അറിവുണ്ടോ, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ഫോറസിക് ഓഡിറ്റ്/ ഉന്നതതല അന്വേഷണം ബാര്‍ക്കോ മറ്റ് കേന്ദ്ര ഏജന്‍സികളോ നടത്തിയിട്ടുണ്ടോ, സംസ്ഥാന പൊലീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ, പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചാനലിന്റെ ഉടമകള്‍ തട്ടിപ്പുകളില്‍ പ്രതിയായ കേസുകളടക്കമുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും തരത്തില്‍ അറിവുണ്ടോ, ബാര്‍ക് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ, ബാര്‍ക് റേറ്റിംഗുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ – തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇതിലാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുള്ളത്.




