‘മലർന്നു കിടന്നു തുപ്പരുത്,സംഘടനയ്ക്കകത്ത് കാലുവാരൽ പുതിയ കാര്യമല്ല’; കെ സി രാജഗോപാലിനെതിരെ കെ പ്രകാശ് ബാബു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്ട്ടിക്കാര് തന്നെ കാലുവാരിയെന്ന് തുറന്നടിച്ച സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ സി രാജഗോപാലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐഎം മുൻ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു. സംഘടനയ്ക്കകത്ത് കാലുവാരൽ പുതിയ കാര്യമല്ലെന്നും പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന പഴയകാലം മറന്നുപോകരുതെന്നും പ്രകാശ് ബാബു പറഞ്ഞു.
പാർട്ടിയിലെ ഗ്രൂപ്പ് ആധിപത്യകാലത്ത് വി എസ് പക്ഷത്തുനിന്ന് നിരവധി പേരെ അങ്ങ് ശിരച്ഛേദം നടത്തി. അനർഹർക്ക് താൽക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങൾ നൽകിയതിന്റെ ഫലമാണ് കെ സി രാജഗോപാലൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ പ്രകാശ് ബാബു പറഞ്ഞു. താൻ 75 വയസ്സ് ആകാൻ കാത്തുനിൽക്കാതെ 60കളിൽ റിട്ടയർ ചെയ്തു. റിട്ടയർമെൻറ് കഴിഞ്ഞാൽ പാർട്ടി നിശ്ചയിച്ച് തരുന്നത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കിൽ വേണ്ടെന്നു വെയ്ക്കുക. റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ നിർദ്ദേശം കൊടുത്താൽ ആരും കേൾക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കുറവുകൾ പാർട്ടി പരിഹരിക്കട്ടെ. അതവർക്ക് വിട്ടുകൊടുക്കൂ. മലർന്നു കിടന്ന് തുപ്പാതിരിക്കുകയെന്നും ശത്രുക്കളുടെ ആയുധമാകാതിരിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.




