Uncategorized

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും മിന്നൽ പ്രളയത്തിലേക്ക് നയിച്ചേക്കാവുന്ന മിതമായതോ കനത്തതോ ആയ ഇടിമിന്നലോടു കൂടിയ മഴ, ആലിപ്പഴ വർഷം, പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴ സാധ്യതയുള്ള പ്രധാന പ്രവിശ്യകൾ
റിയാദ്, ഖസീം, ഹൈൽ, മദീന, മക്ക, അൽ-ബാഹ, അസീർ, ജസാൻ, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഡിസംബർ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സൗദി പച്ച പുതയ്ക്കുന്നു
അതേസമയം പൂർണ്ണമായ ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയിൽ പച്ചപ്പ് അണിഞ്ഞ രാജ്യത്തെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തുവിട്ടിരുന്നു. സൗദിയുടെ വടക്കുള്ള അൽ-നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ, മണൽക്കുന്നുകളെ മനോഹരമായ രൂപങ്ങളാക്കി മാറ്റുകയും നീരുറവകളും തടാകങ്ങളും രൂപപ്പെടുകയും ചെയ്തു. മരുഭൂമിയും ക്യാമ്പിംഗ് പ്രേമികളും ഇപ്പോൾ അൽ-നഫൂദിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button