‘ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥ; ഞങ്ങള്‍ക്കും നീതി വേണം’; അഡ്വ. ടി ബി മിനി

നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള അതിജീവിതയുടെ കുറിപ്പില്‍ പ്രതികരണവുമായി അഡ്വ. ടി ബി മിനി. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്ന് അതിജീവിത വ്യക്തമാക്കിയത് മിനി ശരിവെച്ചു. ഇന്ത്യന്‍ ജുഡീഷ്യറി മനുഷ്യര്‍ക്കാണോ, ജനങ്ങള്‍ക്കാണോ, ഒന്നുമല്ലെന്ന് തെളിയിക്കുകയാണെന്നും അവര്‍ പറഞ്ഞു. കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്‍ മറുപടി പറയണമെന്നും ടി ബി മിനി പറഞ്ഞു.
ഞാന്‍ ഇന്നലെ മുതല്‍ അതിജീവിതയുടെ അഡ്വക്കേറ്റ് അല്ല. പക്ഷേ ചേച്ചിയാണ്. എന്നെ ചേച്ചിയെന്നല്ലാതെ ആ കുട്ടി വിളിച്ചിട്ടില്ല. എന്റെ ചേച്ചി ആണെന്നാണ് പറഞ്ഞത്. ഒരു സൈഡില്‍ വരുമ്പോള്‍ മാത്രം ഡ്യുവല്‍ ക്യാരക്റ്ററാണ് ജഡ്ജ് കാണിച്ചുകൊണ്ടിരുന്നത്. എന്തുമാത്രം പരാതികള്‍ ഞാന്‍ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ കൊടുത്തു. സുപ്രീംകോടതി മുതല്‍ ഹൈക്കോടതി വരെ പരാതികള്‍ കൊടുത്തു. ഒരു കാര്യത്തില്‍ പോലും നടപടിയുണ്ടായില്ല. കേരളത്തിലെ നീതിന്യായ വ്യവസ്ഥയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥയാണ്. അത്രമാത്രം അനീതിയാണ് ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് – അഡ്വ . ടി ബി മിനി പറഞ്ഞു.
ഞങ്ങളുടെ പ്രോസിക്യൂട്ടര്‍, ഞാന്‍ മൂന്നാമത് കൊണ്ടുവന്ന പ്രോസിക്യൂട്ടര്‍ ആ കോടതിയില്‍ അനുഭവിച്ച അപമാനങ്ങള്‍.. എല്ലാ ദിവസവും കണ്ണീരോടുകൂടിയല്ലാതെ ഞാന്‍ ആ കോടതിയില്‍ നിന്ന് പോന്നിട്ടില്ല. പക്ഷേ, ഞങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടായിരുന്നു. ഞങ്ങള്‍ ആ കേസ് നടത്തി തീര്‍ക്കുമെന്നുള്ളത്. ഒരു പ്രോസിക്യൂട്ടറിനെ പ്രതിഭാഗം വക്കീല്‍ അടിക്കാന്‍ പോയിട്ട് ഒരക്ഷരം മിണ്ടില്ല കോടതി. ഞങ്ങളും ഈ രാജ്യത്ത് ജീവിക്കുന്ന പൗരന്മാരാണ്. ഞങ്ങള്‍ക്കും നീതി വേണം – അഡ്വക്കേറ്റ് മിനി പറഞ്ഞു.




