Uncategorized

മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്

പാലക്കാട്: മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ ഒരു വോട്ട്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാനിനാണ് ആകെ ഒരു വോട്ട് മാത്രം ലഭിച്ചത്.

ഏറെ വിവാദങ്ങൾ ഉണ്ടായിരുന്ന വാർഡായിരുന്നു ഒന്നാം വാർഡായ കുന്തിപ്പുഴ. നേരത്തെ വാർഡിൽ എൽഡിഎഫ് – വെൽഫെയർ പാർട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത്. ടി വി ചിഹ്നത്തിലാണ് എൽഡിഎഫ് സ്വതന്ത്രനായി ഫിറോസ് ഖാൻ മത്സരിച്ചത്.

മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ കെ സി അബ്ദുറഹ്മാൻ ആണ് വാർഡിൽ വിജയിച്ചത്. 312 വോട്ടുകളാണ് ലീഗ് നേടിയത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സിദ്ദിഖിന് ലഭിച്ചത് 179 വോട്ടാണ്. വാർഡിൽ എട്ട് വോട്ട് നേടിയ ബിജെപിക്കും പിന്നിലാണ് ഇടത് സ്വതന്ത്രന്റെ സ്ഥാനം.

അതേസമയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 504 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 341 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്.

26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button