‘ചലിക്കുന്ന പങ്ക് പരവതാനി’; സാംഭാർ ഉപ്പു തടാകത്തിലേക്ക് സന്ദർശക പ്രവാഹം

ഭൂമിയിലെ ഒരു മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് രാജസ്ഥാനിലെ ജയ്പൂർ. പ്രശസ്തമായ സാംഭാർ ഉപ്പുവെള്ള തടാകത്തിലേക്ക് പറന്നിറങ്ങിയത് ലക്ഷക്കണക്കിന് അരയന്ന കൊക്കുകൾ. നീല നിറം പുതച്ച തടാകത്തിലേക്ക് പിങ്ക് നിറത്തിലുള്ള അരയന്ന കൊക്കുകൾ കൂട്ടത്തോടെ എത്തിയത് പ്രകൃതി സ്നേഹികൾക്ക് വിസ്മയക്കാഴ്ചയായി മാറി.
സാംഭാർ തടാകം
ഇന്ത്യയിലെ ഏറ്റവും വലിയ ഉൾനാടൻ ഉപ്പുവെള്ള തടാകമായ ഇവിടേക്ക് ഓരോ വർഷവും തണുപ്പുകാലത്ത് പിങ്ക് നിറത്തിലുള്ള ഈ അരയന്ന കൊക്കുകൾ കൂട്ടത്തോടെ എത്താറുണ്ട്. ഈ മനോഹരമായ പ്രകൃതി ദൃശ്യം ആസ്വദിക്കാൻ രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി ഒഴുകിയെത്തുന്നത്. ഈ തടാകം ദേശാടന കൊക്കുകൾക്ക് പ്രധാനപ്പെട്ട ശീതകാല താമസ കേന്ദ്രവും ഇടത്താവളവുമാണ്. ഈ വർഷം ധാരാളം പക്ഷികൾ തടാകത്തിൽ എത്തിയതിന്‍റെ കാരണം അനുകൂലമായ സാഹചര്യങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. മതിയായ ജലനിരപ്പും സമൃദ്ധമായ ഭക്ഷ്യലഭ്യതയും വലിയ കൂട്ടങ്ങളെ ഇവിടെ തങ്ങാൻ പ്രേരിപ്പിച്ചു.




