അന്വേഷണവുമായി സഹകരിച്ചു, ജാമ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാവരും സത്യം മാത്രം പറയുക എന്നും രാഹുല്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാൻഡിലാണ് രാഹുൽ ഈശ്വർ. ജയിലിൽ നിരാഹാരം കിടന്നിരുന്ന രാഹുൽ പിന്നീട് ഉപവാസം അവസാനിപ്പിച്ചിരുന്നു. നിരാഹാരം നിര്‍ത്തിയത് കിഡ്‌നിയെ ബാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണ് എന്നാണ് രാഹുൽ വിശദീകരിച്ചത്.
‘കിഡ്‌നിക്ക് പ്രശ്‌നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു.11 ദിവസമായി. സ്റ്റേഷന്‍ ജാമ്യം കിട്ടേണ്ട കേസ് ആണ്’, എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വർ. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ടാം തവണയാണ് കോടതി ജാമ്യം നിഷേധിച്ചത്




