മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം

ബാരാബങ്കി (ഉത്തർപ്രദേശ്): യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേർന്നാണ് ഒരു യുവതിക്ക് യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയത്. മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. തേബഹദൂർ റാവത്തിന്‍റെ ഭാര്യയായ മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നത്.
ഡിസംബർ അഞ്ചിന് ഭർത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദർ ഔഷധാലയത്തിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ കെട്ടി വെച്ചതായി പൊലീസ് പറഞ്ഞു.
മദ്യലഹരിയിൽ ശസ്ത്രക്രിയ
മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയൽ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. മിശ്ര തന്‍റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകൾ മുറിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ ആറിന് വൈകുന്നേരത്തോടെ യുവതി മരണത്തിന് കീഴടങ്ങി എന്നും അദ്ദേഹം ആരോപിച്ചു.




