വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

മലപ്പുറം: വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തെന്ന പരാതിയിൽ മലപ്പുറം പുളിക്കലിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്. 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ ഒ നൗഫൽ മൂന്നാം പ്രതിയാണ്. സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേർക്കാൻ കൃത്രിമം കാട്ടിയെന്നാണ് പൊലീസിൽ ലഭിച്ച പരാതി
എസ്എസ്എൽസി ബുക്കിലെ ജനന തീയതിയിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 19-02-2007 എന്ന ജനന തീയതി 19-02-2006 തിരുത്തിയാണ് വോട്ടർ പട്ടികയിൽ പേരുചേര്‍ത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 01-01-2025ന് 18 വയസ്സ് തികയണമായിരുന്നു. കേസിൽ പെൺകുട്ടി ഒന്നാം പ്രതിയും അച്ഛൻ രണ്ടാം പ്രതിയുമാണ്. സ്ഥാനാര്‍ത്ഥി കെ ഒ നൗഫൽ ആണ് മൂന്നാം പ്രതി
കിഴക്കമ്പലത്തെ കയ്യേറ്റം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കയ്യേറ്റം ചെയ്തത്.




