നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, ‘ഇത് ജനം ചർച്ച ചെയ്യും’

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ, ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ മന്ത്രി വി. ശിവൻകുട്ടി. കോൺഗ്രസിന്റെ ഒരു മുഖമായ അടൂർ പ്രകാശിൽ നിന്നുമുണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും തെരെഞ്ഞെടുപ്പിൽ ഇത് ജനം ചർച്ചചെയ്യുമെന്നും ശിവൻകുട്ടി തുറന്നടിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന പ്രത്യാശയും ശിവൻകുട്ടി പ്രകടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ 55 നും 60നും ഇടയിൽ സീറ്റ് ഇടത് പക്ഷം നേടും. ബി ജെ പി തകർന്നടിയും. കവടിയാറും ശാസ്‌തമംഗലത്തും അട്ടിമറി വിജയം നേടും. ശബരിമല സ്വർണ കേസൊന്നും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി. ഡി സതിശനെ വെല്ലുവിളിച്ച് വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി ചോദിച്ച 13 ചോദ്യങ്ങൾക്ക് ആദ്യം കാര്യ കാരണസഹിതം പറയണമെന്നും ആവശ്യപ്പെട്ടു. എന്തിനും പ്രതികരിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയണം. ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ പോര. കൃത്യമായ കാരണവും കാണിക്കണം. മുഖ്യമന്ത്രി ഇന്നേവരെ പ്രതിപക്ഷത്തോട് ചോദ്യങ്ങൾ ചോദിച്ചിട്ടില്ല. നട്ടെല്ലുഉളവർ സ്വർണ കൊള്ളയിൽ തെളിവ് കൊടുക്കട്ടെ. എല്ലാത്തിനെയും എൽഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.




