ബാറ്ററി കത്തി; കെട്ടിടത്തിന് തീപിടിച്ച് 20 മരണം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇന്തോനേഷ്യയില്‍ കെട്ടിടത്തിന് തീപിടിച്ച് 20 പേര്‍ മരിച്ചു. തീയണച്ചെങ്കിലും ഒട്ടേറെപ്പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുള്ളതായി ആശങ്കയുണ്ട്. ഇതില്‍ എത്രപേര്‍ ജീവനോടെയുണ്ടാകുമെന്ന ഭീതിയിലാണ് രക്ഷാപ്രവര്‍ത്തകരും ബന്ധുക്കളും. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലുള്ള ഏഴുനിലക്കെട്ടിടത്തിനാണ് ഉച്ചയോടെ തീപിടിച്ചത്. ഒന്നാം നിലയിലുണ്ടായിരുന്ന ബാറ്ററിയിലാണ് ആദ്യം തീ കണ്ടത്. അതണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
മൈനിങ്, കാര്‍ഷിക മേഖലകള്‍ക്കാവശ്യമായ ഡ്രോണുകള്‍ വിതരണം ചെയ്യുന്ന ടെറാ ഡ്രോണ്‍ ഇന്തോനേഷ്യ എന്ന കമ്പനിയുടെ ഓഫിസിലാണ് തീപിടിത്തമുണ്ടായത്. ജാപ്പനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ടെറ ഡ്രോണ്‍ കോര്‍പറേഷന്‍റെ ഇന്തോനേഷ്യന്‍ ഉപസ്ഥാപനമാണിത്. ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു തീപിടിത്തം. പൊള്ളലേറ്റും പുകനിറഞ്ഞ് ശ്വാസംമുട്ടിയുമാണ് മിക്കവരും മരിച്ചത്. ചിലര്‍ ഗ്ലാസുകള്‍ പൊട്ടിച്ച് പുറത്തുചാടി രക്ഷപെട്ടു. ഒട്ടേറെപ്പേര്‍ കുടുങ്ങിപ്പോയി.
കെട്ടിടത്തിലെ തീയണച്ചെന്ന് ജക്കാര്‍ത്ത സെന്‍ട്രല്‍ പൊലീസ് മേധാവി സുസാത്യോ പുര്‍ണോമോ കോണ്‍ട്രോ പറഞ്ഞു. അകത്ത് കുടുങ്ങിയവരെ കണ്ടെത്താനും രക്ഷപെടുത്താനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡസന്‍ കണക്കിന് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചത്. മരിച്ച പലരുടെയും ശരീരങ്ങള്‍ തിരിച്ചറിയാനാവാത്ത തരത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പോളിത്തീന്‍ ഷീറ്റുകളില്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കോംപാസ് ടിവി സംപ്രേഷണം ചെയ്തു.
അപകടത്തെക്കുറിച്ച് ടെറാ ഡ്രോണ്‍ ഇന്തോനേഷ്യയോ ടെറ ഡ്രോണ്‍ കോര്‍പറേഷനോ പ്രതികരിച്ചിട്ടില്ല. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് പൊലീസും അഗ്നിശമനസേനയും നല്‍കുന്ന സൂചന.




