ഞെട്ടിക്കുന്ന വീഡിയോ; വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു കളഞ്ഞ് അമ്മ, ശ്വാസം മുട്ടി കുട്ടി

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു കളഞ്ഞ് റഷ്യക്കാരിയായ അമ്മ. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ ബ്ലോഗറായ അന്ന സപാരിനയാണ് തന്റെ മകനെ ഒരു വലിയ പ്ലാസ്റ്റിക് ബാഗിൽ കിടത്തി ഒരു വാക്വം പമ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗിലെ വായും വലിച്ച് കളഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ കൂടുതൽ ശ്രദ്ധനേടുന്നതിന് വേണ്ടിയായിരുന്നു അന്ന ഇത്തരമൊരു കാര്യം ചെയ്തത്. അന്ന തന്നെ വീഡിയോ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് പിന്നാലെ കുട്ടിയുടെ ജീവനെ കുറിച്ച് വലിയ ആശങ്കയാണ് ഉയർന്നത്.
പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒരു കുട്ടി കിടക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഒരു വാക്വം പമ്പ് ഉപയോഗിച്ച് അന്ന പ്ലാസ്റ്റിക് ബാഗിനുള്ളിലെ വായു വലിച്ച് കളയുന്നു. ഇതോടെ കുട്ടി പ്ലാസ്റ്റിക് കവറിനുള്ളിൽ ഒട്ടിപ്പിടിച്ചത് പോലെ കിടക്കുന്നു. പിന്നാലെ അവന് അസ്വസ്ഥനാകുന്നതും ‘അമ്മേ’ എന്ന് വിളിക്കുന്നതും വീഡിയോയിൽ കാണാം. ഡിസംബർ എട്ടിന് പങ്കുവച്ച വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് കണ്ടത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ രൂക്ഷമായ വിമർശനവും ഉയർന്നു.




