ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?

സ്ഥിരതയും ഫോമും ഒരുപോലെ പുലര്‍ത്തുന്ന സഞ്ജു സാംസണ് അന്തിമ ഇലവനില്‍ അവസരം ലഭിക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്. സഞ്ജുവിന് ശേഷം രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുള്ളത് ജിതേഷ് ശര്‍മയാണ്
2026 ട്വന്റി 20 ലോകകപ്പ് മുന്നിലുണ്ട്, ഇനിയും കൃത്യമായൊരു സ്ഥാനം നല്കാൻ മാനേജ്മെന്റ് തയാറായിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍, എത്ര അവസരങ്ങള്‍ ലഭിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. വിശ്വകിരീടപ്പോര് വരാനിരിക്കെ പ്രോട്ടിയാസിനെതിരായ പരമ്പര മലയാളി താരം സഞ്ജു സാംസണിന് എത്രത്തോളം നിര്‍ണായകമാണ്.
ഉപനായകൻ ശുഭ്മാൻ ഗില്‍ പരുക്കില്‍ നിന്ന് മുക്തിനേടിയ ശേഷം കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്തിരിക്കുന്നു. അഭിഷേക് ശര്‍മയ്ക്കൊപ്പം ക്രീസിലേക്ക് ചുവടുവെക്കുക ഗില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാം. ഒരിക്കല്‍ക്കൂടി മധ്യനിരയിലേക്ക് പറിച്ചുനടപ്പെടും സഞ്ജുവെന്ന വെല്‍ എസ്റ്റാബ്ലിഷ്ഡ് ടി20 ഓപ്പണര്‍. ഏഷ്യ കപ്പില്‍ സ്ഥാനച്ചലനങ്ങള്‍ മൂലം പ്രകടനത്തിലുണ്ടായ സ്ഥിരതയില്ലായ്മയും ഓസ്ട്രേലിയൻ പര്യടനത്തില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നതും ഇക്കുറി ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.
അതിന് കാരണമുണ്ട്, സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ സഞ്ജുവിന്റെ ആത്മവിശ്വാസം ഉയര്‍ത്താൻ പോന്നതാണ്. ഇന്ത്യൻ ടീമില്‍ ഭാഗമായതും സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് കളിച്ചതുമായ താരങ്ങളില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട് സഞ്ജു. മുന്നിലുള്ളത് അഭിഷേക് ശര്‍മയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് 58.25 ശരാശരിയില്‍ 233 റണ്‍സാണ് വലം കയ്യൻ ബാറ്റര്‍ മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ചുറികളാണ് സഞ്ജുവിന്റെ സമ്പാദ്യം.



