‘ബാലൻസ് ഷീറ്റ് നോക്കാൻ പോലും അറിയില്ലായിരുന്നു’, ഒരിക്കൽ സിമോൺ ടാറ്റ പറഞ്ഞു, പക്ഷെ കൈവച്ച ‘ലാക്മേ’ അടക്കം ഒന്നിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല

മുംബൈ: ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയും, അന്തരിച്ച രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമാണ് ഇന്ന് അന്തരിച്ച സിമോൺ ടാറ്റ (95). വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അവരുടെ അന്ത്യം. ലാക്മേയുടെ സ്ഥാപക എന്ന നിലയിലും, രാജ്യത്തെ ഫാഷൻ റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്‌സൈഡിന് അടിത്തറയിട്ട വ്യക്തി എന്ന നിലയിലാണ് സിമോൺ ടാറ്റ ഓർമ്മിക്കപ്പെടുന്നത്. “ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക് ബ്രാൻഡായി ‘ലാക്മേ’ വളരുന്നതിൽ അവർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. സർ രത്തൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും അവർ നയിച്ചു. പോസിറ്റീവായ നിലപാടുകളും ആഴത്തിലുള്ള നിശ്ചയദാർഢ്യവും കൊണ്ട് ജീവിതത്തിലെ പല വെല്ലുവിളികളെയും അവർ മറികടന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു, ,” ടാറ്റാ ഗ്രൂപ്പ് വക്താവ് പറഞ്ഞു. എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ലാക്മേയുടെ സ്ഥാപകയ്ക്കുള്ള അന്ത്യോപചാരങ്ങൾ ശനിയാഴ്ച രാവിലെ മുംബൈയിലെ കൊളാബയിലുള്ള കത്തീഡ്രൽ ഓഫ് ദി ഹോളി നെയിം ചർച്ചിൽ വെച്ച് നടക്കും. സ്വിറ്റ്സർലൻഡിലെ ജനീവയിൽ സിമോൺ നേവൽ ഡ്യൂനോയർ ആയി ജനിച്ച അവർ 1953-ൽ ഒരു വിനോദസഞ്ചാരിയായിട്ടാണ് ആദ്യമായി ഇന്ത്യയിലെത്തിയത്.രണ്ട് വർഷത്തിന് ശേഷം നേവൽ എച്ച്. ടാറ്റയെ വിവാഹം കഴിച്ച അവർ, 1960-കളുടെ തുടക്കത്തിൽ ടാറ്റാ ഗ്രൂപ്പുമായി ഔദ്യോഗികമായി സഹകരിച്ചു തുടങ്ങി.
‘കോസ്മെറ്റിക് സാറിന’: 1961-ൽ ടാറ്റാ ഓയിൽ മിൽസ് കമ്പനിയുടെ (TOMCO) ഒരു ചെറിയ ഉപസ്ഥാപനമായിരുന്ന ലാക്മേയുടെ ബോർഡിൽ സിമോൺ ടാറ്റാ അംഗമായി. 1982-ൽ ലാക്മേയുടെ ചെയർപേഴ്സണായി അവർ നിയമിതയായി. ഇന്ത്യൻ വനിതകൾക്കിടയിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ജനപ്രിയമാക്കിയതിന്, ‘ഇന്ത്യയുടെ കോസ്മെറ്റിക് സാറിന’ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. മകൻ നോയൽ ടാറ്റ, മരുമകൾ ആളൂ മിസ്ത്രി, പേരക്കുട്ടികളായ നെവിൽ, മായ, ലിയ എന്നിവർ സിമോൺ ടാറ്റയ്ക്ക് ഉണ്ട്.




