ക്ലൗഡ് കിച്ചൺ തുടങ്ങാൻ ഹൈ-സാലറി ജോലി രാജിവെച്ചു: ലാഭം ഉറപ്പിക്കാൻ ഡെലിവറി ഏജന്റായി !വൈറലായി യുവാവിൻ്റെ ബിസിനസ് പ്ലാൻ

നല്ല ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യാൻ ആരംഭിച്ച യുവാവിനെക്കുറിച്ചുള്ള സുഹൃത്തിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എക്‌സിൽ ഈ കഥ പങ്കുവെച്ച സുഹൃത്ത് പറയുന്നതനുസരിച്ച് യുവാവിന്റെ തീരുമാനത്തിൽ കുടുംബം വളരെ അസ്വസ്ഥരാണ്.
അടുത്ത വർഷം വിവാഹം നിശ്ചയിച്ചിരിക്കുന്നതും അടുത്തിടെ കാർ വാങ്ങിയതിലൂടെ സാമ്പത്തിക ബാധ്യത വർധിച്ചതുമാണ് അവരുടെ ആശങ്കയ്ക്ക് പ്രധാന കാരണം. 25 ലക്ഷം രൂപയ്ക്കടുത്തോളം വാർഷിക വരുമാനമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് യുവാവ് സ്വിഗ്ഗി ഡെലിവറി ഏജൻറായത്.
യുവാവിന്റെ ഈ വിചിത്ര തീരുമാനത്തിന് പിന്നിൽ ഒരു കാരണമുണ്ട്. തന്റെ ആറുമാസത്തെ സമ്പാദ്യം ഉപയോഗിച്ച് ഒരു ക്ലൗഡ് കിച്ചൺ ആരംഭിക്കാൻ ആയിരുന്നു യുവാവിന്റെ പ്ലാൻ. ഇതിനായി തന്റെ പ്രദേശത്തുള്ള ആളുകൾക്ക് എന്ത് കഴിക്കാനാണ് ഇഷ്ടമെന്ന് മനസ്സിലാക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതറിയാനായാണ് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് അദ്ദേഹം ഏതാനും ആഴ്ചത്തേക്ക് സ്വിഗ്ഗി, റാപ്പിഡോ എന്നിവയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യാൻ തീരുമാനിച്ചത്.
കുറിപ്പ് പങ്കു വച്ച സുഹൃത്ത് പറയുന്നതനുസരിച്ച് യഥാർത്ഥ ഉപഭോക്തൃ ഓർഡറുകൾ വിശകലനം ചെയ്തുകൊണ്ട് ഭക്ഷണ ട്രെൻഡുകൾ പഠിക്കാൻ ഇത് യുവാവിനെ സഹായിച്ചു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണം വിറ്റഴിക്കാൻ കഴിയുന്ന ഏകദേശം 12 ഭക്ഷ്യവസ്തുക്കളും അദ്ദേഹം ഇതുവഴി തിരിച്ചറിഞ്ഞു. തൻ്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്, മൂന്നോ നാലോ മാസത്തിനുള്ളിൽ ക്ലൗഡ് കിച്ചൺ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നാണ് യുവാവിന്റെ വിശ്വാസം.
മികച്ച ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഒരു ഫുഡ് ഡെലിവറി റൈഡറായി മാറിയ യുവാവിൻ്റെ അസാധാരണമായ കരിയർ മാറ്റം ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പോസ്റ്റിൽ യുവാവിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത് . റിസ്‌കെടുക്കാനും കൃത്യമായ മാർക്കറ്റ് ഗവേഷണം നടത്താനും കാണിച്ച ധൈര്യത്തിന് നിരവധി പേർ അദ്ദേഹത്തെ പ്രശംസിച്ചു.”ഇതാണ് യഥാർത്ഥ മാർക്കറ്റ് ഗവേഷണം” എന്നാണ് പലരും പോസ്റ്റിനോട് പ്രതികരിക്കുന്നത്




