കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര് ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്

പൂനെ: നവംബർ 13-ന് എട്ട് പേർ മരിക്കുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വലിയ അപകടത്തെ തുടർന്ന് 30 കിലോമീറ്ററായി കുറച്ച വേഗപരിധി പരിഷ്കരിച്ച് പൂനെ സിറ്റി ട്രാഫിക് പോലീസ്. ഇപ്പോൾ 40 കിലോമീറ്ററായാണ് വേഗപരിധി പരിഷ്കരിച്ചിരിക്കുന്നത്. റോഡിൻ്റെ ഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ അവലോകനത്തിനും ഗതാഗത ഡാറ്റ വിശകലനം ചെയ്തതിനും ശേഷമാണ് വേഗപരിധി ഉയർത്തിയത്. പൂനെ-ബാംഗ്ലൂർ ഹൈവേയിലെ കാത്രജ്-ദേഹു റോഡ് ബൈപ്പാസിലുള്ള നാവലെ ബ്രിഡ്ജ് ഭാഗത്താണ് നവംബർ 13 വൈകുന്നേരം അമിത വേഗതയിലെത്തിയ ട്രക്ക് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടമുണ്ടായത്. അപകടത്തിന് ദിവസങ്ങൾക്കു ശേഷമാണ് പൂനെ സിറ്റി പൊലീസ് വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചത്. ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഹിമ്മത് ജാദവ് അറിയിച്ചതനുസരിച്ച്, 30 കിമീ വേഗപരിധി ഏർപ്പെടുത്തിയ ശേഷം സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചിരുന്നു. ഒരു അന്താരാഷ്ട്ര ട്രാഫിക് ഡാറ്റാ മോണിറ്ററിംഗ് ഏജൻസി നൽകിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ റോഡിൻ്റെ ഘടനാപരമായ പ്രശ്നങ്ങളും ട്രാഫിക് പ്രശ്നങ്ങളും വിശദമായി വിശകലനം ചെയ്തു. ഈ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വേഗപരിധി 40 കി.മീറ്ററായി ഉയർത്താൻ തീരുമാനമെടുത്തത്.
മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള അധികാരം ഉപയോഗിച്ച്, കാത്രജ് ന്യൂ ടണലിനും നാവലെ ബ്രിഡ്ജിനും ഇടയിലുള്ള കാത്രജ് ഔട്ടർ ബൈപ്പാസ് റോഡിൽ (ഭുംകർ ബ്രിഡ്ജ് മുതൽ നാവലെ ബ്രിഡ്ജ് വരെ) പരമാവധി വേഗപരിധി 40 കിലോമീറ്ററാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഡിസിപി
പുറത്തിറക്കി. ആംബുലൻസ്, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് 2025 ഡിസംബർ 4 മുതൽ പ്രാബല്യത്തിൽ വരും. ഈ റൂട്ടിലെ മുൻ വേഗപരിധിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്.




