വിവാഹദിനത്തിലെ അപകടം: ആവണിയുടെ ചികിത്സയ്ക്ക് ആശുപത്രി ചെലവഴിച്ചത് ലക്ഷങ്ങൾ; മുൻകൂറായി വാങ്ങിയ പണം തിരിച്ചുനൽകി

വിവാഹദിനത്തിൽ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ കേരളവും കേരളത്തിനേക്കും പുറത്തേക്കും പ്രശസ്തയാക്കിയത്, നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ നടന്ന വിവാഹമാണ്. നവംബർ 22 ന് വിവാഹ ദിനത്തിൽ മേക്കപ്പിടാനായി പുലർച്ചെ കാറിൽ യാത്ര ചെയ്യുമ്പോഴുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ യുവതിക്ക് വിവാഹത്തിന് പിന്നാലെ ആദ്യം ലഭിച്ച വാഗ്ദാനമായിരുന്നു സൗജന്യ ചികിത്സയെന്ന പ്രഖ്യാപനം. ആശുപത്രി ചെയര്മാന് ഡോ. ഷംഷീര്‍ വയലിലിലാണ് ആവണിക്ക് സൗജന്യ ചികിത്സയെന്ന് പ്രഖ്യാപിച്ചത്. 12 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ ചികിത്സയ്ക്കായി ആശുപത്രി ചെലവഴിച്ചത് 8.20 ലക്ഷം രൂപ. ശസ്ത്രക്രിയക്ക് മുൻകൂറായി വാങ്ങിയ 2.25 ലക്ഷം രൂപ യുവതി ആശുപത്രി വിടും മുൻപ് ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു.
നവംബർ 22 ന് ഉച്ചയ്ക്ക് 12.15 നും 12.30യ്ക്കും ഇടയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിന് മണിക്കൂറുകൾ മുൻപ്, പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെട്ടത്. മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്പോഴാണ് അപകടം. ഈ സമയത്ത് ആവണിയും മറ്റ് രണ്ട് പേരുമാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ വഴിയരികിലെ കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.




