രാഹുൽ എന്ന ചൂഷകനെതിരെ ഷാഫിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു; പുച്ഛമായിരുന്നു മറുപടി’; വെളിപ്പെടുത്തി ഷഹനാസ്

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിൽ പ്രതികരിച്ച് കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി എം എ ഷഹനാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോൾ പുച്ഛമായിരുന്നു മറുപടിയെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ ഷഹനാസ് തുറന്നെഴുതി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച ആ പെണ്ണിന് ഒപ്പം മുന്നോട്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് താൻ. കാരണം കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകൾക്കൊപ്പം ആണ് താനെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ തന്നെ ചോദ്യം ചെയ്തു. സഖാത്തിയായ സുഹൃത്തിനെ സംരക്ഷിക്കാൻ അല്ലേ എന്ന് ചോദിച്ചു. തന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ് . അത് നിങ്ങൾ ചുറ്റിനും കൂടി നിന്ന് തന്നെ ആക്രമിച്ചാൽ പോലും അത് എന്നും സ്ത്രീപക്ഷം തന്നെയാണെന്നും ഷഹനാസ് വ്യക്തമാക്കി.




