വ്യവസായ ചരിത്രത്തിലെ മായാത്ത ചോരപ്പാട്; 40 ടൺ വിഷം, 2,500 ജീവനുകൾ

“ഓരോ ഡിസംബർ 3-ാം തിയ്യതിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മരണം മണക്കുന്ന ഓർമ്മപ്പെടുത്തലാണ്. നാല് പതിറ്റാണ്ട് മുമ്പ്, ഇന്നത്തെ ദിവസം… ഭോപ്പാൽ നഗരം മയക്കത്തിലാഴ്ന്നപ്പോൾ, യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് പുറത്തുവന്ന വിഷവാതകം ആകാശത്തെയും മണ്ണിനെയും മനുഷ്യരെയും എന്നെന്നേക്കുമായി വിഷലിപ്തമാക്കിയത്. ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിൻ്റെ കറുത്ത ദിനമാണിന്ന്. ആ രാത്രിയിൽ നഷ്ടപ്പെട്ട ആയിരക്കണക്കിന് ജീവനുകളും, ഇന്നും ദുരിതമനുഭവിക്കുന്ന തലമുറകളും നമ്മളോട് ഒരേയൊരു ചോദ്യം ഉയർത്തുന്നു: മനുഷ്യൻ്റെ അശ്രദ്ധയ്ക്ക് നൽകേണ്ടിവന്ന വില ഇത്ര വലുതായിരുന്നോ?”
ഇതാ, ചരിത്രത്തിലെ ആ മുറിപ്പാടുകൾ ഒരിക്കൽ കൂടി ഓർത്തെടുക്കുന്നു…
ആ രാത്രിയുടെ ഭീകരത ഇന്ത്യൻ ജനതയുടെ ഓർമ്മകളിൽനിന്ന് മാഞ്ഞിട്ടില്ല. 1984 ഡിസംബർ 2-ന് അർദ്ധരാത്രി, ഭോപ്പാലിലെ യൂണിയൻ കാർബൈഡ് പ്ലാൻ്റിൽ നിന്ന് പുറത്തുവന്ന ‘മീഥൈൽ ഐസോസയനേറ്റ്’ എന്ന മാരക വിഷവാതകം, നിമിഷനേരം കൊണ്ട് 2,500-ൽ അധികം മനുഷ്യരുടെ ജീവനെടുത്തു. കൂടാതെ, 50,000-ത്തിലധികം ആളുകളെ ഗുരുതരമായി ബാധിക്കുകയും ചെയ്തു.
നഗരത്തിന് മേൽ വിഷവാതകം പരന്നപ്പോൾ, ദുരന്തത്തിൻ്റെ ആദ്യ സൂചന അനുഭവപ്പെട്ടത് ഫാക്ടറിക്ക് സമീപം താമസിച്ചിരുന്ന സാധാരണക്കാർക്കാണ്. ആളുകൾ ശ്വാസം മുട്ടിയും ചുമച്ചും ഛർദിച്ചും ജീവന് വേണ്ടി നെട്ടോട്ടമോടി. അധികൃതർ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ നഗരത്തിൽ പോസ്റ്ററുകളായി പതിക്കേണ്ടിവന്നു. അത്യധികം അപകടകാരിയും കീടനാശിനി നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ എം.ഐ.സി വാതക ചോർച്ച ഒഴിവാക്കാമായിരുന്നു എന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് വെറും ഒരു അപകടമായിരുന്നില്ല, മറിച്ച് തുടർച്ചയായ സുരക്ഷാ വീഴ്ചകളുടെ ഫലമായിരുന്നു.




