‘പീഡനത്തെക്കുറിച്ച് മിണ്ടിയാല്‍ സൈബര്‍ ആക്രമണം’; രാഹുല്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി

ബലാല്‍സംഗ പരാതി പോലീസിനോട് പറഞ്ഞാൽ സൈബർ ആക്രമണത്തിന് ഇരയാക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി. കോൺഗ്രസിന്റെ സൈബർ പ്രവർത്തകരെ ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതായി അതിജീവിതയാണ് വെളിപ്പെടുത്തുന്നത്. രാഹുലിനെതിരായ ആക്ഷേപങ്ങളുടെ തുടക്കഘട്ടത്തിൽ ക്രൈംബ്രാഞ്ച് വിവരം ശേഖരിക്കാൻ എത്തിയ സമയത്തായിരുന്നു ഫോൺ വിളിച്ചുള്ള ഭീഷണി.
പീഡനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. ഇതുകൊണ്ടാണ് ആദ്യഘട്ടത്തിൽ പരാതി നൽകാതിരുന്നത് എന്നും അതിജീവിത കോൺഗ്രസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു അതിജീവിത കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാഹുൽ ഗാന്ധിക്കും പരാതി നൽകിയത്. എന്നാൽ കോൺഗ്രസ് അതിൽ തുടർനടപടി സ്വീകരിച്ചിരുന്നില്ല. പരാതിയിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടാണ് തുടർന്ന് സ്വീകരിക്കാതിരുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.




