സൂരജ് ലാമയുടെ തിരോധാനം: കളമശേരി മെഡിക്കൽ കോളേജിനെതിരെ മകൻ സാൻ്റൻ ലാമ

എറണാകുളം: സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശേരി മെഡിക്കൽ കോളേജിനെതിരെ മകൻ സാൻ്റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചെന്ന് ആരോപണം. പിതാവിനെ ജീവനോടെ കണ്ടെത്തുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരിശോധന നടത്തിയതിൻ്റെ സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയതെന്നും സാന്റൻ പറഞ്ഞു. മൃതദേഹം പിതാവിൻ്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും മകൻ കൂട്ടിച്ചേർത്തു.
അതേസമയം, കളമശേരിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിന് ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുവൈറ്റില്‍ നിന്ന് നാടു കടത്തപ്പെട്ട് കൊച്ചിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെയാണ് ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാതായത്. മറവി രോഗമുള്ള സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ബെംഗളൂരുവില്‍ താമസക്കാരനും 59കാരനുമായ സൂരജ് ലാമ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടയാളെയാണ് കൊച്ചിയിലേക്ക് അയച്ചത്.




