രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിലെ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാനാവാതെ എസ്ഐടി; കൂടുതൽ പരിശോധന നടത്താൻ നീക്കം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കുന്നത്തൂർ മേടിലുള്ള രാഹുലിൻ്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാനാവാതെ എസ്ഐടി.അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ എസ്ഐടിയിക്ക് ലഭ്യമായില്ല. സിസിടിവി ഡിവിആറിന് ബാക്ക് അപ് കുറവായതാണ് കാരണം. മെയ് മാസം അവസാനത്തെ ആഴ്ചയിലായിരുന്നു അതിജീവിത രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയത്. സംഭവം നടന്നിട്ട് അഞ്ചു മാസത്തോളമായതിനാൽ ദൃശ്യങ്ങൾ റിട്രൈവ് ചെയ്ത് എടുക്കാനും എസ്ഐടി ശ്രമിക്കുന്നുണ്ട്.
ഇതിനു പുറമേ, സമീപത്തെ കൂടുതൽ സിസിടിവികളും പരിശോധിക്കാനൊരുങ്ങുകയാണ് എസ്ഐടി. സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും ദൃശ്യങ്ങൾ പരിശോധിക്കാനാണ് നീക്കം.12 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്നും എസ്ഐടിയുടെ അഞ്ചംഗം സംഘം പാലക്കാട്ടെ രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയത്. എംഎൽഎ ഓഫീസിലും എസ്ഐടി പരിശോധന നടത്തും.




