Uncategorized

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദമാക്കും’: ആത്മീയതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്, 3 പേര്‍ പിടിയില്‍

കോഴിക്കോട്: ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കോഴിക്കോട് നിന്നും മൂന്നുപേരെ പൊലീസ് പിടികൂടി. മലപ്പുറം കോഡൂര്‍ സ്വദേശി പി സി എച്ച് ഷംസുദ്ദീന്‍, മലപ്പുറം പുലാമന്തോള്‍ സ്വദേശി മന്നേങ്കല്‍ കണ്ണന്തൊടി മുഹമ്മദ് ബഷീര്‍, കോഴിക്കോട് നാദാപുരം വളയം സ്വദേശി പടിഞ്ഞാറയില്‍ റഫീഖ് എന്നിവരെയാണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. തളീക്കര മണിയിലംകണ്ട എ കെ മുഹമ്മദ് ആദിലിന്റെ രണ്ട് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് പ്രതികള്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റിലായിരുന്നു. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ‘മിറാക്കിള്‍ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്.

ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്. ദിവ്യഗര്‍ഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button