അമ്മയെവിടെ എന്ന് മക്കൾ, അസ്ഥികൂടമുള്ള സ്ഥലം കാണിച്ച് അച്ഛൻ; ആറ് മാസമായി കാണാനില്ല, ധനകോടിയുടേത് കൊലപാതകം?

കണ്ണൂർ: തലശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയതിൽ തമിഴ്‌നാട് സേലം സ്വദേശിനി ധനകോടി(63)യുടെ ഭർത്താവ് അമ്പായിര(70)ത്തെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെയാണ് ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്ക് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ധനകോടിയുടെതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത കുഴിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പിന്നാലെ അമ്പായിരം പൊലീസ് പിടിയിലായിരുന്നു.
ഭർത്താവിനൊപ്പം പഴയ സാധനങ്ങൾ ശേഖരിച്ചുവരികയായിരുന്ന ധനകോടിയെ ആറ് മാസമായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലാത്തതിനെ കുറിച്ച് മക്കൾ ചോദിച്ചപ്പോൾ നാട്ടിൽ പോയെന്നായിരുന്നു അമ്പായിരത്തിന്റെ മറുപടി. എന്നാൽ മക്കൾ നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന വിവരം ലഭിച്ചു. മക്കൾ വീണ്ടും അമ്പായിരത്തോട് ധനകോടിയെ കുറിച്ച് ചോദിച്ചു. ഇതോടെ അമ്പായിരം മക്കളോടും ബന്ധുക്കളോടും തലശേരിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവർ എത്തിയപ്പോൾ അമ്പായിരം അസ്ഥികൂടമുണ്ടായിരുന്ന സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു.
പൊലീസ് പരിശോധനയ്ക്കിടെയാണ് കുഴിയിൽ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത്. പിന്നാലെ ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിശദ പരിശോധനയ്ക്ക് ശേഷമേ ഇത് ധനകോടിയുടെ അസ്ഥികൂടമാണോ എന്നത് വ്യക്തമാകൂ.
പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് കൊലപാതകമാണെന്നാണ് കരുതുന്നത്. അസ്ഥിയിൽ പൊട്ടലടക്കം കണ്ടെത്തിയിട്ടുണ്ട്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് അമ്പായിരത്തിനെതിരെ മകൻ പരാതി നൽകിയിട്ടുണ്ട്. സാരിയുടെ അവശിഷ്ടവും ചെരുപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമ്പായിരം മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.




