ഗർഭിണിയായ അനിതയെ വീട്ടിലെത്തിച്ചു,ബോധം പോകുംവരെ മുഖം അമർത്തിപ്പിടിച്ചു; കൊടും ക്രൂരതയിൽ രജനിക്കും വധശിക്ഷ

കുട്ടനാട്: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2021 ജൂലൈയിലാണ് ഗർഭിണിയായ അനിതയെ കാമുകൻ പ്രബീഷും സുഹൃത്ത് രജനിയും ചേർന്ന് കൊലപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതിയായ നിലമ്പൂർ മുതുക്കോട് പൂക്കോടൻ വീട്ടിൽ പ്രബീഷ് (37)ന് കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിച്ചിരുന്നു. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെ(32) കൊലപ്പെടുത്തിയതിൽ പ്രബീഷും പെൺസുഹൃത്ത് രജനിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്ത് വരികയായിരുന്ന അനിതയെ 2021 ജൂലായ് ഒമ്പതാം തീയതി ആലപ്പുഴയിലേക്ക് പ്രതികൾ വിളിച്ചുവരുത്തി.
കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനി കൈനകരയിലെ വീട്ടിലെത്തിച്ചു. അനിതയെ പ്രബീഷ് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ അനിതയുടെ വായും മൂക്കും രജനി അമർത്തിപ്പിടിച്ചു. ഇതിനിടെ അനിത ബോധരഹിതയായി. കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്ന് അനിതയെ പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കേസ് പുറംലോകമറിഞ്ഞത്.
മയക്കുമരുന്നു കേസിൽ ഒഡിഷയിലെ ജയിലിൽ കഴിയുന്നതിനാൽ രജനിയുടെ ശിക്ഷ വിധിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. വിധി പറയാനായി പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച രജനിയെ നേരിട്ട് കോടതിക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു. കേസിൽ തൊണ്ണൂറ് ദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ വേളയിൽ 82 സാക്ഷികളെയാണ് വിസ്തരിച്ചത്. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്.




