Uncategorized

കേശവദാസപുരത്തെ മനോരമയെ കഴുത്തില്‍ കുത്തി വീഴ്ത്തി, പിന്നീട് കിണറ്റില്‍ തള്ളി; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസില്‍ പ്രതി ആദം അലിക്ക് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. തിരുവനന്തപുരം എസിജെഎം കോടതിയുടേതാണ് വിധി. പ്രതി ആദം അലി കുറ്റക്കാരനെന്ന് ഇന്ന് ഉച്ചയ്ക്ക് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാവിധി. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിനാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2022ലാണ് കേശവദാസപുരത്ത് വീട്ടമ്മയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ എറിഞ്ഞ കേസില്‍ അതിഥി തൊഴിലാളിയായ ആദം അലി അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് ശേഷം ട്രെയിനില്‍ കയറി നാട് വിടാന്‍ ശ്രമിച്ച പ്രതിയെ ചെന്നൈയില്‍ വച്ച് പിടികൂടുകയായിരുന്നു.

മോഷണത്തിന് വേണ്ടിയായിരുന്നു ഇയാള്‍ 68കാരിയെ കൊലപ്പെടുത്തിയത്. കേസിലെ ഏക പ്രതിയാണ് ആദം അലി. കേശവദാസപുരം രക്ഷാപുരി റോഡില്‍ മീനംകുന്നില്‍ ദിനരാജിന്റെ ഭാര്യ മനോരമയെയാണ് ആദം അലി കൊലപ്പെടുത്തിയത്.

മനോരമയുടെ വീടിന്റെ അയല്‍പക്കത്ത് നിര്‍മാണം നടക്കുന്ന വീടിന്റെ ജോലിക്കായാണ് ആദം അലി ഉള്‍പ്പെടെ അതിഥി തൊഴിലാളികള്‍ എത്തിയത്. ഒരു മാസത്തോളം മനോരമയുടെ വീട്ടില്‍ വെള്ളമെടുക്കാന്‍ വന്നിരുന്നതിനാല്‍ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതി കൃത്യമായ ധാരണയുണ്ടാക്കിയിരുന്നു മനോരമയുടെ ഭര്‍ത്താവ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍പോയ സമയത്താണ് വീടിന്റെ പിന്നില്‍വച്ച് കൊല നടത്തിയത്. മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റില്‍ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാന്‍ കാലില്‍ ഇഷ്ടിക കെട്ടുകയും ചെയ്തു. കൂടെ ജോലി ചെയ്തവരെ ചോദ്യം ചെയ്തും സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button