ഇളവിൽ 400 കടന്ന് വായുനിലവാരം; വായുമലിനീകരണം അടുത്ത ആഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി∙ എക്യുഐ 382: ഗ്രാപ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെ ഡൽഹി ഇന്നലെ കണ്ണു തുറന്നതു വായുനിലവാര സൂചിക രൂക്ഷമായ അന്തരീക്ഷത്തിലേക്കാണ്. കഴിഞ്ഞ 15 ദിവസവും അപകടകരമായിരുന്ന വായുമലിനീകരണം അടുത്ത ആഴ്ചയും തുടരുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുണ്ട്കയിൽ വായുനിലവാര സൂചിക ഇന്നലെ 435 കടന്നു. ഓഖ്ല, പഞ്ചാബി ബാഗ്, പട്പട്ഗഞ്ച്, ആർകെ പുരം, വസിർപുർ, രോഹിണി, അശോക് നഗർ, ബവാന, ആനന്ദ് വിഹാർ എന്നിവിടങ്ങളിലും എക്യുഐ 400നു മുകളിലായിരുന്നു. എക്യുഐ 400 കടന്നാൽ മാത്രമേ ഗ്രാപ് 3 നിയന്ത്രണങ്ങൾ പ്രഖ്യാപിക്കൂ എന്ന വിശദീകരണത്തോടെയാണു കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) കഴിഞ്ഞ ദിവസം ഇളവ് ഏർപ്പെടുത്തിയത്. മണിക്കൂറുകൾക്കുള്ളിൽ വായുനിലവാര സൂചിക 400 കടന്നു. എന്നിട്ടും തുടർനടപടിയുണ്ടായില്ല. എൻസിആർ മേഖലയിലെ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും എക്യുഐ 400 കടന്നു.




