Uncategorized

‘നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു’; ഹരീഷ് കണാരനെതിരെ ‘ഭീഷണി’ വിഡിയോയുമായി ബാദുഷ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാതി പറഞ്ഞ നടന്‍ ഹരീഷ് കണാരനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പങ്കുവച്ച് ബാദുഷ. ഇരുപതാം നൂറ്റാണ്ട് സിനിമയിൽ സുരേഷ് ഗോപി തന്നെ ചതിക്കുമ്പോൾ മോഹൻലാൽ പറയുന്നൊരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയെന്നോണം ബാദുഷ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണെന്ന് ഹരീഷ് കണാരനും പ്രതികരിച്ചു. ഈ ഭീഷണി സന്ദേശത്തിൽ ഭാര്യ അടക്കം പേടിച്ചിരിക്കുകയാണെന്നും ഹരീഷ് പറയുന്നു. കടമായി നൽകിയ 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ ബാദുഷ തന്നെ സിനിമകളിൽ നിന്ന് നീക്കം ചെയ്യുകയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന ഹരീഷിന്റ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഹരീഷിന്റെ വെളിപ്പെടുത്തൽ വിവാദമായതോടെ ബാദുഷ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു. ‘എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം.’ എന്നാണ് ബാദുഷ കുറിച്ചത്. എന്നാൽ ഇതിനൊപ്പം ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ഒരു ഭാഗവുമുണ്ടായിരുന്നു. തന്നെ ചതിച്ചെന്ന് മനസ്സിലാക്കുന്ന മോഹൻലാൽ കഥാപാത്രം സുരേഷ് ഗോപിയോട് പറയുന്ന ഡയലോഗാണ് ബാദുഷ പങ്കുവച്ചത്. തെറിവാക്കിൽ തുടങ്ങി, വധഭീഷണി മുഴക്കുന്ന രംഗമാണിത്.

ബാദുഷ പങ്കുവച്ച വിഡിയോയിലെ ഡയലോഗ് ഇങ്ങനെ: ‘‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനൽ പോലും ഇത്രയും തരംതാഴുന്ന പ്രവർത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിൽ ഒരുത്തനെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. അതുമൊരു മൂന്നാംകിട പ്രതികാരത്തിന് വേണ്ടി. നീ ആണാണെങ്കിൽ നേരിട്ട് വാ. ഇതുപോലുള്ള പാവങ്ങളെ ഒന്നും വെറുതെ കുടുക്കരുത്. ശേഖരൻ കുട്ടി, നീ ഒന്നുറപ്പിച്ചോ? നീ നസ്രാണിയെ കണ്ട ദിവസം മുതൽ നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു.’’–ഇത് ഹരീഷിനുള്ള പരോക്ഷമായ സന്ദേശമാണ് എന്നാണ് വിലയിരുത്തൽ.

‘ഇതൊക്കെ കേൾക്കുമ്പോൾ എന്റെ ഭാര്യക്ക് ഭയങ്കര ടെൻഷനാണ്. നമ്മൾ എപ്പോഴും യാത്ര ചെയ്യുന്ന ആൾക്കാരല്ലേ. ഇത് വടി കൊടുത്ത് അടി വാങ്ങുന്ന പരിപാടി ആയിപ്പോയി. ഇങ്ങനെ ഭീഷണി ഒക്കെ വരുമ്പോൾ ഇനി മുന്നോട്ട് എങ്ങനെയാണെന്ന് അറിയില്ല’’– ഹരീഷിന്റെ വാക്കുകൾ.

കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിന് തന്റെ ഡേറ്റ് കൈകാര്യം ചെയ്തിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പല സിനിമകളിൽ നിന്നും തന്റെ പേര് വെട്ടിയെന്ന് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നടൻ ഹരീഷ് കണാരൻ വെളിപ്പെടുത്തിയിരുന്നു. അന്ന് പേര് വെളിപ്പെടുത്താൻ താരം തയാറായില്ല. ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നുപറഞ്ഞത്. ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്ന് താൻ നീക്കം ചെയ്യപ്പെട്ടതിന്റെ കാരണവും ബാദുഷയാണെന്ന് ഹരീഷ് തുറന്നു പറഞ്ഞു.

അതേസമയം ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന ‘റേച്ചൽ’ എന്ന സിനിമ റിലീസിന് തയാറെടുക്കുകയാണ്. ഈ സിനിമയുടെ റിലീസിന് ശേഷം ബാദുഷ മറുപടിയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button