സ്ത്രീയുടെ മൃതദേഹം പറമ്പിൽ കുഴിച്ചിടാൻ പദ്ധതിയിട്ടു, കയറുകൊണ്ട് കെട്ടി വഴിയിലൂടെ വലിച്ചിഴച്ച് കൊണ്ടുവന്നു; പക്ഷേ…

കൊച്ചി ∙ തേവര കോന്തുരുത്തിയിൽ ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോർജ് പദ്ധതിയിട്ടത് മൃതദേഹം സമീപമുള്ള പറമ്പിൽ കുഴിച്ചിടാൻ. ഇതിനായി സ്ത്രീയുടെ ബാഗ് അടക്കമുള്ള വസ്തുക്കൾ ഈ പറമ്പില്‍ കൊണ്ടിടുകയും ചെയ്തു. എന്നാൽ ജോർജിന്റെ വീടിനു സമീപമുള്ള പലചരക്കു കട വെളുപ്പിനെ തുറന്നതോടെ മൃതദേഹം അവിടേക്ക് നീക്കാൻ കഴിയാതെ പദ്ധതി പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് മൃതദേഹത്തിനൊപ്പം ഇരുന്നുറങ്ങുന്ന ജോർജിനെ വെളുപ്പിനെ ആറരയോടെ ഹരിതകർമസേനാംഗം കാണുന്നതും പിടിയിലാവുന്നതും.
മൂന്നു ദിവസം കസ്റ്റഡിയിൽ കിട്ടിയ ജോർജിനെ എറണാകുളം സൗത്ത് പൊലീസ് വീടിനു സമീപത്തെ പറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോർജിന്റെ വീടിനും കോന്തുരുത്തി പള്ളിക്കും ഇടയിലുള്ള വളവിനോടു ചേർന്നുള്ള ഈ സ്ഥലം ജോർജിനെ മേൽനോട്ടത്തിന് ഏൽപ്പിച്ചതാണ്. ഇതിന്റെ താക്കോലും ജോർജിന്റെ പക്കലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിടാനായിരുന്നു ജോർജിന്റെ പദ്ധതി. അതിനു മുൻപ് ബിന്ദുവിന്റെ പക്കലുണ്ടായിരുന്ന ബാഗുകൾ അടക്കം റോഡിൽ നിന്ന് മതിലിനു മുകളിലൂടെ പറമ്പിലേക്ക് ഇടുകയും ചെയ്തു. പിന്നീടാണ് ജോർജ് ചാക്ക് അന്വേഷിച്ചിറങ്ങിയത്
മുക്കാൽ കിലോമീറ്ററോളം അകലെയുള്ള അപ്പക്കടയിൽ നിന്ന് ചാക്ക് വാങ്ങി കുഴിച്ചിടാനായിരുന്നു ജോർജ് തീരുമാനിച്ചത്. തുടർന്ന് മൃതദേഹം കയറുകൊണ്ട് കെട്ടി വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ പകുതിദൂരം വലിച്ചു കൊണ്ടു വന്നു. ഇതിനിടയിലാണ് വീടിന്റെ മുന്നിലുള്ള പലചരക്കുകകട തുറന്നത്. ഇതോടെ മൃതദേഹം വലിച്ചുകൊണ്ടു പോയാൽ പിടിക്കപ്പെടുമെന്ന് കണ്ട് ജോർജ് ഇടവഴിയിൽ തന്നെ ഇരിക്കുകയും അവിടെയിരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. മദ്യലഹരിയിലായതിനാൽ നേരം വെളുത്തിട്ടും ഇവിടെ നിന്ന് എഴുന്നേൽക്കാൻ സാധിച്ചില്ല.




