പമ്പയിൽനിന്നും അന്തർ സംസ്ഥാന കെഎസ്ആർടിസി സർവീസുകൾക്ക് പെർമിറ്റ് അനുവദിച്ചു

ശബരിമല: പമ്പയിൽനിന്നും അന്തർ സംസ്ഥാന കെഎസ്ആർടിസി സർവീസുകൾക്ക് പെർമിറ്റ് അനുവദിച്ചു.തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് പുതിയ സർവീസുകൾ അനുവദിക്കുക. സർവീസുകൾ ഉടൻ ആരംഭിക്കും. തമിഴ്‌നാട്ടിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ഇതിനായി 67 ബസുകൾക്ക് പെർമിറ്റ് ലഭിച്ചു. ചെന്നൈ, കോയമ്പത്തൂർ, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിലേക്കാണ് ഉടൻ സർവീസ് ആരംഭിക്കുന്നത്. കർണാടകത്തിൽ ബാംഗ്ലൂരിലേക്കും സർവീസുണ്ടാകും.
ശബരിമല നട തുറന്ന് ഒരാഴ്‌ച പിന്നിട്ടപ്പോൾ തീർഥാടകർക്ക് സുഖയാത്രയൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. തീർഥാടകർക്ക് പമ്പയിലേക്കും തിരിച്ചുമായി 3,710 ദീർഘദൂര സർവീസുകളാണ് നടത്തിയത്. റെക്കോഡ് വരുമാനവും ലഭിച്ചു. 4,27,71,797 രൂപയാണ് ഞായറാഴ്‌ച വരെയുള്ള വരുമാനം. പമ്പയിൽനിന്നും നിലയ്ക്കൽനിന്നുമായി 1,831 സർവീസുകൾ നടത്തി. വിവിധ സ്ഥലങ്ങളിൽനിന്ന് 1,879 സർവീസുകൾ പമ്പയിലെത്തി. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസും വിജയകരമാണ്. 15,860 ചെയിൻ സർവീസുകളും ഇതുവരെ നടത്തി.
ആറര ലക്ഷത്തിലധികം തീർഥാടകർ സീസൺ തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോൾ കെഎസ്ആർടിസിയുടെ സേവനം ഉപയോഗിച്ചു. കൂടുതൽ വരുമാനം ചെയിൻ സർവീസുകളിൽ നിന്നാണ്. പമ്പ ഡിപ്പോയ്ക്ക് 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ശരാശരി വരുമാനം. കഴിഞ്ഞ തവണത്തേക്കാൾ ഇരുപത് ശതമാനം അധികമാണിത്. ചെങ്ങന്നൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതലും സർവീസുകൾ. 15 ബസ് സ്‌റ്റേഷനുകളിൽ നിന്നായി 502 ബസുകളാണ് പമ്പയിലേക്ക് പ്രത്യേക സർവീസ് നടത്തുക.
താൽപ്പര്യമുള്ളവർക്ക് മുൻഗണന നൽകിയാണ് ഇത്തവണത്തെ പമ്പ ഡ്യൂട്ടി. മുൻകാലങ്ങളിൽ ഗുരുതര അപകടങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവർ, മദ്യപാന ശീലമില്ലാത്തവർ തുടങ്ങി കാര്യക്ഷമത തെളിയിച്ചവരെയാണ് നിയോഗിച്ചത്. ചാലക്കയം, പ്ലാപ്പള്ളി, പെരുനാട്, വടശേരിക്കര, അത്തിക്കയം, മുക്കട, പ്ലാച്ചേരി എന്നിവിടങ്ങളിലായി മൊബൈൽ മെക്കാനിക്കൽ സംഘവും സജ്ജമാണ്. കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും സേവനത്തിനുണ്ട്.




