മുനമ്പം ഭൂമി പ്രശ്നത്തിൽ അതിനിർണായകമായ ഹൈക്കോടതി ഉത്തരവ്, അന്തിമ വിധി വരും വരെ കരം സ്വീകരിക്കണം; ആശ്വാസമെന്ന് സമരസമിതി

കൊച്ചി: കൊച്ചി: വഖഫ് ഭൂമി തർക്കത്തിൽ പ്രതിസന്ധിയിലായ മുനമ്പത്തുകാർക്ക് ഇടക്കാല ആശ്വാസം. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. ഭരണഘടന ദിനത്തിൽ വന്ന ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്ന് മുനമ്പം സമരസമിതി പ്രതികരിച്ചു. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. സങ്കീർണമായ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികൾ തീർപ്പാക്കും വരെ കരമൊടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് മുനമ്പത്തുകാർക്ക് നൽകുന്നത് വലിയ ആശ്വാസമാണ്.
മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ കരം സ്വീകരിക്കുന്നതിനെ വഖഫ് സംരക്ഷണ വേദി കോടതിയിൽ എതിർപ്പറിയിച്ചിരുന്നു. കരമൊടുക്കാമെന്ന ഇടക്കാല ഉത്തരവ് ഒന്നരവർഷമായി സമരമിരിക്കുന്ന മുനമ്പത്തുകാർക്ക് മുന്നോട്ട് കൂടുതൽ കരുത്താകും.
2019ലാണ് മുനമ്പത്തെ 615 കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് വഖഫ് രജിസ്ട്രറിയിലേക്ക് എഴുതി എടുക്കാൻ തീരുമാനിക്കുന്നത്. ഇത് അറിയിച്ച് നോട്ടീസ് നൽകിയത് 2022ലാണ്. അത് വരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാൽ ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്ക് പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ച് പോയി.




