Uncategorized

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്.

തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വെച്ചത് പത്മകുമാറാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണത്തെ ചെമ്പാക്കിയ രേഖകൾ തയാറാക്കിയത് ഇതിന് ശേഷമെന്നും വിവരം. 2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വച്ചത്. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാൻ പ്രസിഡൻ്റ് നിർദേശിച്ചതായി ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്.

കേസിൽ അറസ്റ്റിലായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. താൻ തെറ്റുകാരനല്ലെന്നും ബോർഡ് അംഗങ്ങളുടെ നിർദേശപ്രകാരം നടപടികൾ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button