സ്വന്തം ഭൂമി വിറ്റ അച്ഛൻ മകനുമായി ജോയിന്റ് അക്കൗണ്ടിൽ 2.5 കോടി രൂപ ഇട്ടു; മകൻ നൈസ് ആയി 1.8 കോടി രൂപ വലിച്ചു

മകനും മരുമകളും പേരക്കുട്ടിയും ചേർന്ന് ആജീവനാന്ത സമ്പാദ്യം തട്ടിയെടുത്തതായി കർഷകന്റെ പരാതി. പൂനെയിലെ മാവൽ താലൂക്കിലുള്ള വയോധികനായ കർഷകനാണ് പരാതിക്കാരൻ. പൂനെ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി അദ്ദേഹത്തിന്റെ ഒരേക്കറോളം വരുന്ന ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് നഷ്ടപരിഹാരമായി 2.5 കോടി രൂപ ലഭിച്ചു. ഈ തുക ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചതിന് പിന്നാലെ, ഈ മൂവരും ചേർന്ന് 1.82 കോടി രൂപ തങ്ങളുടെ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതി. സംഭവത്തിൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
ജോയിന്റ് അക്കൗണ്ട്
മകൻ, മരുമകൾ, പേരക്കുട്ടി എന്നിവരുടെ പേരിലായിരുന്നു കർഷകൻ ജോയിൻ അക്കൗണ്ട് തുറന്നത്. പ്രായത്തിന്റെ അവശതകൾ കാരണം ബാങ്കിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നതിനാൽ അവരെ വിശ്വസിച്ചെന്ന് കർഷകൻ വിശദീകരിച്ചു. അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് എല്ലാവരും ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറന്ന് പണം നിക്ഷേപിച്ചത്, എന്നാൽ അവിടെനിന്നാണ് വഞ്ചന ആരംഭിച്ചത്.
1.82 കോടി രൂപ മാറ്റി
എല്ലാം താൻ കൈകാര്യം ചെയ്തുകൊള്ളാമെന്ന് മകൻ പിതാവിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ പണം നിക്ഷേപിച്ച ഉടൻ തന്നെ, മകനും ഭാര്യയും മകനും ചേർന്ന് 1.82 കോടി രൂപ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതൊന്നും കർഷകൻ അറിഞ്ഞില്ല. ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിൽ ചെറിയ തുക മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ബാങ്ക് സ്റ്റേറ്റ്‌മെന്റ് കണ്ടതോടെ അദ്ദേഹം ഞെട്ടിപ്പോയി.




