Uncategorized

വായു മലിനീകരണം അതിരൂക്ഷം; ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധം, പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം

ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം മോശമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാ ഗേറ്റിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധക്കാർ. തുടർന്ന് ഞായറാഴ്ച വൈകുന്നേരം പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന് ചില ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസുകളും മെഡിക്കൽ സ്റ്റാഫും കുടുങ്ങിക്കിടക്കുകയാണെന്നും അടിയന്തര സഹായം ആവശ്യമാണെന്നും ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ അറിയിച്ചുവെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായില്ല. പകരം, അവർ ബാരിക്കേഡുകൾ തകർത്ത് റോഡിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. ഇവരെ നീക്കം ചെയ്യുന്നതിനിടെ, ചില പ്രതിഷേധക്കാർ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു.

നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിന്നീട് പോലീസ് ഇവരെ നീക്കം ചെയ്തു. ഡൽഹിയിൽ പ്രതിഷേധങ്ങൾ നടത്തുന്നതിന് ഇന്ത്യാ ഗേറ്റല്ല, ജന്തർ മന്തറാണ് നിയുക്ത സ്ഥലമെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ അപൂർവമെന്നാണ് ന്യൂഡൽഹി ഡിസിപി ദേവേഷ് കുമാർ മഹ്‌ല വിശേഷിപ്പിച്ചത്.”ഇത് വളരെ അസാധാരണമായിരുന്നു. ആദ്യമായിട്ടാണ് പ്രതിഷേധക്കാർ ഗതാഗത, ക്രമസമാധാനപാലന ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചത്,” ഡിസിപി പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ഡിസിപി വ്യക്തമാക്കി.

ഈ മാസം ആദ്യം, ദേശീയ തലസ്ഥാനത്തെ വായു മലിനീകരണത്തെ ചെറുക്കുന്നതിന് സർക്കാർ ഫലപ്രദമായ നയങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട്, ആം ആദ്മി പാർട്ടി, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കൊപ്പം പ്രവർത്തകരും പ്രതിഷേധക്കാരും ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (സിപിസിബി) കണക്കുകൾ പ്രകാരം, ഞായറാഴ്ച ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം വീണ്ടും ‘വളരെ മോശം’ ശ്രേണിയിൽ രേഖപ്പെടുത്തി, മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 391 ൽ എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button