Uncategorized

“സിന്ധ് ഇന്ത്യയുടെ ഭാഗമായേക്കും,അതിർത്തികൾ മാറിയേക്കാം”; രാജ്നാഥ് സിങ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും ഭാവിയിൽ തിരിച്ചു വന്നേക്കാമെന്നും അതിർത്തികൾ മാറിയേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു രാജ്നാഥ് സിങിൻ്റെ പരാമർശം.

1947-ലെ വിഭജനത്തെത്തുടർന്നാണ് സിന്ധു നദിക്കടുത്തുള്ള പ്രദേശമായ സിന്ധ് പ്രവിശ്യ പാകിസ്ഥാൻ്റെ ഭാഗമായത്. തുടർന്ന് ആ പ്രദേശത്ത് താമസിച്ചിരുന്ന സിന്ധി ജനത ഇന്ത്യയിലേക്ക് തിരിച്ചു വന്നു.

എൽ.കെ. അദ്വാനിയെപ്പോലുള്ള നേതാക്കളുടെ തലമുറയിൽ പെട്ടവർ സിന്ധ് മേഖല ഇന്ത്യയിൽ നിന്ന് വേർപ്പെട്ടത് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.സിന്ധിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഹിന്ദുക്കൾ സിന്ധു നദിയെ പവിത്രമായാണ് കണക്കാക്കുന്നത്. സിന്ധിലെ പല മുസ്ലീംങ്ങളും സിന്ധിലെ ജലം മക്കയിലെ സംസം ജലത്തെപ്പോലെ തന്നെ പവിത്രമാണെന്ന് വിശ്വസിച്ചിരുന്നതായി അദ്വാനി പറഞ്ഞിരുന്നുവെന്നും രാജ്സനാഥ് സിങ് വ്യക്തമാക്കി.

ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാൽ, സാംസ്കാരികമായി എല്ലാക്കാലവും ഇന്ത്യയുടെ ഭാഗമായിരിക്കും. അതിൻ്റെ അതിർത്തികൾ മാറിയേക്കാം, ചിലപ്പോൾ നാളെ സിന്ധ് ഇന്ത്യയിലേക്ക് തിരിച്ചു വന്നേക്കാം. സിന്ധുനദിയെ പവിത്രമായി കരുതുന്ന സിന്ധിലെ ജനങ്ങൾ അവർ എവിടെപ്പോയാലും നമ്മുടേത് തന്നെയായിരിക്കും- രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ മൊറോക്കോയിൽ നടന്ന പരിപാടിയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമായിത്തീരുമെന്ന പ്രതീക്ഷയും രാജ്നാഥ് സിങ് പങ്കുവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button