Uncategorized
ടെന്റക്കിൾ ഇല്ല, എട്ട് കൈകൾ മാത്രം; അറബിക്കടലിൽ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി

കൊച്ചി: അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘം. ആഗോളതലത്തിൽത്തന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ (വർഗം) പെട്ടതാണ് ഈ ആഴക്കടൽ കൂന്തൾ. ഇതുവരെ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൾ ഇനം. രണ്ടാമത്തെ ഇനം കൂന്തളിനെയാണ് സിഎംഎഫ്ആർഐ സംഘം കണ്ടെത്തിയത്.
കൊല്ലം പുറംകടലിൽ ഏകദേശം 390 മീറ്റർ ആഴത്തിൽനിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ ലഭിച്ചത്. ഇവക്ക് കൂന്തളുകളെ പോലെ രണ്ട് നീളമുള്ള സ്പർശിനികൾ (ടെന്റക്കിൾ) ഇല്ല. നീരാളികളെ പോലെ എട്ട് കൈകൾ മാത്രമാണുള്ളത്. ഇക്കാരണത്താൽ നീരാളി കൂന്തൾ എന്നാണ് ഇവയെ വിളിക്കുന്നത്. സാധാരണ കൂന്തളുകൾക്ക് എട്ട് കൈകളും പുറമെ രണ്ട് സ്പർശിനികളുമുണ്ടാകാറുണ്ട്.




