ധര്‍മസ്ഥല കേസില്‍ പരാതിക്കാരനടക്കം 6 പ്രതികൾ; 3900 പേജ് കുറ്റപത്രവുമായി എസ്‌ഐടി

കർണാടകയിലെ ബെൽത്തങ്ങാടിയിലെ ധർമസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൂട്ട ശവസംസ്‌കാര കേസിൽ നടകീയമായ വഴിത്തിരിവ്. പരാതിക്കാരനടക്കം ആറ് പേരെ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രതിപ്പട്ടികയിൽ ചേർത്തു. 39,00 പേജുള്ള കുറ്റപത്രം പോലീസ് ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 215 പ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേസിലെ പ്രധാന സാക്ഷിയും കൂട്ടക്കുഴിമാടത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ 45കാരനുമായ പരാതിക്കാരനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. കൂടാതെ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടന്നവർ, വിറ്റൽ ഗൗഡ, ജയന്ത് ടി, സുജാത ഗൗഡ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. പ്രാദേശിക ഇടപെടലുകൾ നടത്തുന്നവരോ പൊതുതാത്പര്യ വ്യവഹാരങ്ങൾ നൽകുന്നവരോ ആണ് ഇവരെന്ന് കരുതപ്പെടുന്നു. കൂട്ടക്കുഴിമാടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇവർ നിർണായക പങ്കുവഹിച്ചിരുന്നു.
ഇവർ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുകയും തെളിവുകൾ മറിച്ചുവയ്ക്കുകയും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഈ അപ്രതീക്ഷിത വഴിത്തിരിവ് എസ്‌ഐടിയുടെ കണ്ടെത്തലുകളിൽ ഒരു നിർണായകമായ വഴിത്തിരിവുള്ളതിന്റെ സൂചനയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്വേഷണം യഥാർത്ഥത്തിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തികളിൽ നിന്ന് പരാതി നൽകിയവരിലേക്ക് എത്തി നിൽക്കുകയാണ് ഇപ്പോൾ.




