Uncategorized

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു’; ആരോപണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച വേണുവിന്റെ ഭാര്യ

തിരുവനന്തപുരം: വേണുവിന്റെ മരണത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാര്യ. മോഴിയെടുപ്പ് നീട്ടി വയ്ക്കുന്നത് പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരിലാണെന്ന് വേണുവിന്റെ ഭാര്യ സിന്ധു ആരോപിച്ചു. സംഭവത്തില്‍ കുടുംബം കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാല്‍ ആരും ഉപദ്രവിക്കില്ലെന്നും സിന്ധു പറഞ്ഞു.’ഈ മാസം 24ന് കെഎംഎംഎല്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും മൊഴിയെടുപ്പ് നടക്കുക. മാധ്യമങ്ങളെ ഒഴിവാക്കിയുള്ള മൊഴിയെടുപ്പില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതികളാക്കണം. ഭര്‍ത്താവിന്റെ ഓഡിയോ സംഭാഷണം മരണ മൊഴിയായി കണക്കിലെടുക്കണം. മൊഴിയെടുപ്പ് കഴിഞ്ഞ ശേഷം മാധ്യമങ്ങളെ കാണും.’ സിന്ധു പറഞ്ഞു.

അതേസമയം വേണു മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ മൊഴി. മരിച്ച വേണുവിന്റെ കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയത് എന്നുമാണ് ഡോക്ടര്‍മാരുടെ വാദം. വേണുവിന്റെ ബന്ധുക്കളില്‍ നിന്നും വിവരം ശേഖരിക്കണമെന്നും ആശയവിനിമയത്തില്‍ അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടന്നത്. മരിച്ച വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവര്‍ക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്’ എന്നാണ് വേണു സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button