നൂറിലേറെ ജവാന്മാരെ കൊല ചെയ്ത 26 ആക്രമണങ്ങളുടെ സൂത്രധാരൻ മാദ്വി ഹിദ്മ കൊല്ലപ്പെട്ടു; തലയ്ക്ക് ഒരു കോടി വിലയിട്ട മാവോയിസ്റ്റ്

നൂറിലേറെ ജവാന്മാരടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായ കുപ്രസിദ്ധ മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിദ്മ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.രാജ്യത്ത് നക്സൽ നിരയിൽ അവശേഷിക്കുന്ന ഉന്നത നേതാക്കളിൽ ഒരാളായിരുന്നു 44 കാരനായ മാദ്‌വി ഹിദ്‌മ.
ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഹിദ്മയുടെ രണ്ടാം ഭാര്യ രാജെ എന്ന രാജാക്ക അടക്കം 6 പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിന്‍റെ മാവോയിസ്റ്റ് വേട്ടയിലെ നിർണായക വഴിത്തിരിവാണ് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ എന്ന് വിലയിരുത്തപ്പെടുന്ന മാദ്വിയുടെ അന്ത്യം.മാവോയിസ്റ്റുകളുടെ ഏറ്റവും പ്രഹരശേഷിയുള്ള പിഎൽജിഎ ഒന്നാം ബറ്റാലിയന്റെ ഉന്നത കമാന്ററായിരുന്നു മാദ്വി ഹിദ്‌മ.
ഇത്രയും നാൾ നാല് തലങ്ങളിലുള്ള സുരക്ഷാ വലയത്തിനുള്ളിൽ ഹിദ്മ അതീവ സുരക്ഷിതനായിരുന്നു. അടുത്തിടെ കീഴടങ്ങിയ വിശ്വസ്ത അനുയായിൽ നിന്ന് ലഭിച്ച കൃത്യമായ വിവരങ്ങൾ പിന്തുടർന്നെത്തിയ ഓപ്പറേഷനിലാണ് അന്ത്യം. ഛത്തീസ്ഗഡിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ രാവിലെ 6 മണിയോടെ മരേഡുമില്ലി വനത്തിൽ വച്ചാണ് ഹിദ്മയെയും ആറംഗ സംഘത്തെയും സുരക്ഷാ സേന വളഞ്ഞത്. അതിർത്തിയിലെ വനങ്ങളിലൂടെയായിരുന്നു സംഘത്തിന്റെ സഞ്ചാരം എന്നാണ് വിവരം.




