ആദ്യ ചിത്രവുമായി വിസ്മയാ മോഹൻലാലും കൂട്ടരും കുട്ടിക്കാനത്ത്; പ്രധാനവേഷത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ

മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാലിനെ (Vismaya Mohanlal) നായികയാക്കി ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ 17 തിങ്കളാഴ്ച കുട്ടിക്കാത്താരംഭിച്ചു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് കഴിഞ്ഞ ഒക്ടോബർ 30ന് കൊച്ചിയിൽ അരങ്ങേറി.
ഒരു കൊച്ചു കുടുംബചിത്രമെന്ന് സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ചിത്രത്തേക്കുറിച്ച് പറഞ്ഞിരുന്നു. അതിനപ്പുറത്തേക്കൊന്നും കടക്കുന്നില്ല. എന്നിരുന്നാലും ചില മാജിക്കുകൾ ചിത്രത്തിലുണ്ടാകുമെന്ന് പ്രേക്ഷകർക്ക് സൂചനയുണ്ട്.
2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും ‘തുടക്കം’ ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്. എമ്പുരാനിലൂടെ അഭിനയരംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആൻ്റണി ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻസ്ട്രീം സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു.




