ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?

ഇന്ത്യക്കാര്‍ക്ക് നല്‍കിയ വിസ ഇളവുകള്‍ റദ്ദാക്കി ഇറാന്‍ (Iran). ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല. ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വണ്‍ വേ-വിസ രഹിത പ്രവേശനത്തിനുള്ള സൗകര്യം നവംബര്‍ 22 മുതല്‍ നിര്‍ത്തലാക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇറാനിലേക്ക് യാത്ര ചെയ്യുന്നതിനോ രാജ്യത്തെ വിമാനത്താവളങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള പ്രധാന ട്രാന്‍സിഷന്‍ പോയിന്റുകളായി ഉപയോഗപ്പെടുത്തുന്നതിനോ ഇന്ത്യക്കാര്‍ വിസ കൈവശം വയ്‌ക്കേണ്ടതുണ്ട്.
നേരത്തെ ചില വ്യവസ്ഥകളോടെ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്കാരെ അനുവദിച്ചിരുന്നു. മധ്യേഷ്യയില്‍ നിന്നുള്ള നിരവധി രാജ്യങ്ങളുമായും ഇന്ത്യയുമായുമുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇറാന്‍ വിസ ഇളവ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഇതുവഴി ലക്ഷ്യമിട്ടിരുന്നു.
ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ നടപടി കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് ഈ സൗകര്യം ഇപ്പോൾ താല്‍ക്കാലികമായി നിര്‍ത്തുന്നത്. വിസ ഇളവ് ദുരുപയോഗം ചെയ്തുകൊണ്ടുള്ള തട്ടികൊണ്ടുപോകല്‍, തൊഴില്‍ തട്ടിപ്പ് എന്നിവ ഉയര്‍ത്തിക്കാട്ടികൊണ്ടുള്ള പുതിയ വിസാ മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു.




