Uncategorized
‘കപട വിധി, തിരഞ്ഞെടുക്കപ്പെടാത്ത സർക്കാർ സ്ഥാപിച്ച കപട ട്രൈബ്യൂണലാണ് വിധി പറഞ്ഞത്’: വധശിക്ഷയിൽ പ്രതികരിച്ച് ഷേഖ് ഹസീന

ധാക്ക: ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധിയോട് പ്രതികരിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. കപട വിധിയെന്നാണ് ഹസീനയുടെ പ്രതികരണം. തെരഞ്ഞെടുക്കപ്പെടാത്ത സർക്കാർ സ്ഥാപിച്ച കപട ട്രിബ്യൂണലാണ് വിധി പറഞ്ഞതെന്നും വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഷേഖ് ഹസീന പറഞ്ഞു. അവാമി ലീഗിനെ ഇല്ലാതാക്കാനുള്ള ഇടക്കാല സർക്കാരിൻ്റെ ശ്രമമാണിതെന്നും ഹസീന ആരോപിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലാണ് ഹസീനക്ക് തൂക്കുകയർ വിധിച്ചിരിക്കുന്നത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.




