സ്വപ്നം പൂവണിഞ്ഞു; എക്കാലത്തേയും വലിയ ലക്ഷ്യം; ബിഹാറിലെ എറ്റവും വലിയ ഒറ്റക്കക്ഷിയായി BJP

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ എറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന ബിജെപി സ്വപ്നം കൂടി സഫലമാകുകയാണ്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഏറെ പിന്നാക്കം പോയി. രണ്ടക്കം തികയ്ക്കാതെ കോൺഗ്രസ് തകർന്നടിഞ്ഞു. ബിഹാറിന് ശേഷം ബംഗാളെന്നാണ് ബിജെപി പ്രഖ്യാപനം.ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള സോഷ്യലിസ്റ്റ് ബിഹാറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയെന്നത് ബിജെപിയുടെ എക്കാലത്തേയും വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2020ൽ 74 സീറ്റാണ് ബിജെപി നേടിയത്. 75 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ പാർട്ടിയായി. ഇരട്ട എൻജിൻ സർക്കാരെന്ന ദൗത്യവുമായി എത്തിയപ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രചാരണം ബിഹാറിൽ ഫലം കണ്ടു. മോദി ഇഫക്ട് , ബിഹാറിലും മേൽക്കൈ നൽകിയെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ.




