കെട്ടിട നിർമാണ സാമഗ്രികൾക്ക് തീവില; ലൈഫ് മിഷൻ വീടുകളുടെ നിർമാണമടക്കം പ്രതിസന്ധിയിൽ; വില വർധന ഒരു മാനദണ്ഡവുമില്ലാതെ എന്ന് പരാതി

കോഴിക്കോട്: സംസ്ഥാനത്ത് കെട്ടിട നിർമാണ സാമഗ്രികളുടെ വില ക്രമാതീതമായി ഉയർന്നതോടെ നിർമാണ മേഖല പ്രതിസന്ധിയിൽ. ക്വാറി-ക്രഷർ ഉൽപ്പന്നഇങ്ങളുടെ വരവ് സ്തംഭിച്ചത് ലൈഫ് മിഷൻ വീടുകൾ അടക്കമുള്ള സർക്കാരിൻ്റെ നിർമാണ പ്രവൃത്തികളുടെയും താളം തെറ്റിച്ചു. സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് സർക്കാർ കരാറുകാരുടെ സംഘടന കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.
നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. മെറ്റൽ, എം – സാന്റ്, പി – സാന്റ്, സിമന്റ്, കമ്പി, കരിങ്കൽ, ചെങ്കല്ല്, ഹോളോ ബ്രിക്സ് തുടങ്ങിയവയുടെ വിലയൊക്കെ ഒരു മാനദണ്ഡവുമില്ലാതെ കുത്തനെ കൂട്ടി എന്നാണ് നിർമാണ തൊഴിലാളികളുടെ പരാതി. ഒരു ഫൂട്ട് എം സാന്റിന് 51 രൂപയിൽ നിന്നും 55 രൂപയായി ഉയർന്നു. ഒരു ഫൂട്ട് മെറ്റലിന്റെ വില 52ൽ നിന്നും 56 ആയി. കരിങ്കല്ല് കിട്ടാൻ പോലുമില്ല. ഉൽപ്പന്നങ്ങൾക്ക് കടുത്ത ക്ഷാമം വന്നതോടെ പ്രതിസന്ധി രൂക്ഷമായെന്ന് കരാറുകാർ പറയുന്നു.




