Uncategorized

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഇ ഇന്ന് റിപ്പോർട്ട്‌ നൽകുന്നത്.

കൊല്ലം സ്വദേശി വേണുവിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗിക്ക് നൽകേണ്ട എല്ലാ ചികിത്സകളും കൃത്യമായി നൽകിയിരുന്നെന്നും, പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചികിത്സ കിട്ടാതെയാണ് രോഗി മരിച്ചത് എന്നതടക്കമുള്ള കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജമാണെന്നും കാർഡിയോളജി വിഭാഗം മേധാവികൾ ഉൾപ്പെടെയുള്ളവർ അറിയിച്ചു

അഞ്ചാം തീയതിയിലാണ് കൊല്ലം പന്മന സ്വദേശി വേണു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. എന്നാൽ ഇത് മെഡിക്കൽ കോളേജിനെതിരെയും സർക്കാറിനെതിരെയുമുള്ള വാർത്തയാക്കി മാറ്റുകയായിരുന്നു വലതുപക്ഷം മാധ്യമങ്ങൾ. ഹൃദയാഘാതം ഉണ്ടായി 24 മണിക്കൂറിന് ശേഷമാണ് വേണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നൽകാൻ കഴിഞ്ഞില്ല. എന്നാൽ, പ്രൊട്ടോക്കൾ പ്രകാരം ഒരു രോഗിക്ക് നൽകേണ്ട എല്ലാ ചികിത്സകളും നൽകിയതായി മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിസന്ധികൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം പൂർത്തിയായി അതിൽ ആർക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഡിഎംഇയുടെ നേതൃത്വത്തിലും വിഷയത്തിൽ അന്വേഷണം നടക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button