Uncategorized

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രാമേശ്വരത്ത്? അന്വേഷണത്തിനായി വിയ്യൂർ പൊലീസ് തമിഴ്നാട്ടിൽ

തൃശ്ശൂർ: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ രാമേശ്വരത്തെന്ന് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി വിയ്യൂർ പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി. ക്യൂ ബ്രാഞ്ച് പൊലീസ് രാമേശ്വരത്ത് അന്വേഷണം നടത്തും. കഴിഞ്ഞ തവണ രക്ഷപ്പെട്ടപ്പോഴും ഇയാള്‍ രാമേശ്വരത്തായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്.ബാലമുരുകന്‍ വഴിയാത്രക്കാരന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി ഭാര്യയെ വിളിച്ചതായി പൊലീസ് കണ്ടെത്തി. തെങ്കാശിയിലാണ് ബാലമുരുകന്റെ ഭാര്യ താമസിക്കുന്നത്. നിലവില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഭാര്യയെ വിളിക്കാന്‍ ബാലമുരുകന് ഫോണ്‍ നല്‍കിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യമായി ഭാര്യയെ വിളിക്കണം എന്ന് പറഞ്ഞായിരുന്നു ബാലമുരുകന്‍ വഴിയാത്രികന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 9.40നായിരുന്നു വിയ്യൂർ ജയിൽ പരിസരത്ത് നിന്നും തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നും കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ തമിഴ്‌നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. തമിഴ്നാട് വിരുതനഗര്‍ ജില്ലയിലെ ബന്ദല്‍ക്കുടി സ്റ്റേഷനിലെ എസ് ഐ നാഗരാജന്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതി ചാടിപ്പോയതില്‍ തമിഴ്നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button