കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം: തമിഴ്നാട് പൊലീസിൻ്റെ ക്യൂ ബ്രാഞ്ച് സംഘം തൃശൂരില്‍

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ ചാടിപ്പോയ സംഭവത്തിൽ തമിഴ്നാട് പൊലീസിൻ്റെ ക്യൂ ബ്രാഞ്ച് സംഘം തൃശൂരിലെത്തി. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ദൃശ്യങ്ങൾ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ക്യൂ ബ്രാഞ്ച് സംഘം. മുരുകൻ രക്ഷപ്പെടാൻ ഇടവരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ക്യുബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. അവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കും.
തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെയാണ് പ്രതി രക്ഷപ്പെടുന്നത്. പിന്നാലെ പ്രതിയുടെ കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതി അൻപതോളം കേസുകളിലെ പ്രതിയാണ്.
പൊലീസുകാർ ഇയാളെ വിലങ്ങ് അണിയിക്കാതെ ഹോട്ടലിലുള്ള ദൃശ്യങ്ങളും പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പുറത്തുവന്നിരുന്നു. സ്വകാര്യ കാറിൽ അലസമായി കൊണ്ടുപോയതാണ് പ്രതി കടന്നുകളയാൻ കാരണമായത്. നേരത്തെ രണ്ട് തവണ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ആളാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഞായറാഴ്ച രാവിലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിരുതുനഗർ കോടതിയിൽ ഹാജരാക്കി തിരികെ എത്തിക്കുമ്പോഴാണ് തിങ്കളാഴ്ച രാത്രി 9.30നു പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്.




