മുതിർന്ന സിപിഐ എം നേതാവ് കെ എം ജോസഫ് അന്തരിച്ചു

സിപിഐ എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കർഷകസംഘം നേതാവുമായിരുന്ന കെ എം ജോസഫ് അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ്.
മലയോര മേഖലയിലെ കുടിയേറ്റ ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ, തളിപ്പറമ്പ് പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവിൽ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരത്തിലും നാല് മുതൽ അഞ്ച് വരെ ആലക്കോട് ഇഎംഎസ് സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ പയ്യാമ്പലത്ത് നടക്കും. കെ എം ജോസഫിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.



