Uncategorized

”രോഗിക്ക് ആന്‍ജിയോഗ്രാം ചെയ്യാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല”; ചികിത്സാപിഴവ് ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പന്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രന്‍. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും പരാമാവധി ചികിത്സ നല്‍കിയിരുന്നെന്നും സി.ജി. ജയചന്ദ്രന്‍ പറഞ്ഞു.

രോഗിക്ക് കൃത്യമായ ചികിത്സ നല്‍കിയിട്ടുണ്ട്. ആന്‍ജിയോഗ്രാം ചെയ്യാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല രോഗിയ്ക്ക്. ക്രിയാറ്റിനിന്‍ അടക്കം കൂടുതല്‍ ആയിരുന്നു. അത് നിയന്ത്രിക്കാതെ ആന്‍ജിയോഗ്രാം ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

വാര്‍ത്തയില്‍ കണ്ടാണ് ആരോപണങ്ങളെക്കുറിച്ചുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഒന്നാം തീയതിയാണ് ചികിത്സ തേടിയെത്തിയത്. നേരത്തെ സ്‌ട്രോക്ക് വന്നിട്ടുള്ളയാളാണ്. ആന്‍ജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം വാര്‍ഡില്‍ കാര്‍ഡിയോളജി വിഭാഗം തന്നെയാണ് അഡ്മിറ്റ് ചെയ്തത്. ഇന്നലെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പരമാവധി ചികിത്സ നല്‍കി. ചികിത്സ നല്‍കാന്‍ കാലതാമസവും ഉണ്ടായിട്ടില്ല. ഓഡിയോയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ല. കൃത്യമായി ചികിത്സ നല്‍കിയിട്ടും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും സൂപ്രണ്ട് പറഞ്ഞു.

അതേസമയം ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വേണുവിന് ചികിത്സ വൈകിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

ഓട്ടോ ഡ്രൈവറായ വേണു ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ആറ് ദിവസം ആശുപത്രിയില്‍ കിടന്നിട്ടും അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ച രോഗിക്ക് വേണ്ടത്ര പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്നാണ് ഉയര്‍ന്ന ആരോപണം. മരിക്കുന്നതിന് മുമ്പ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശവും കുടുംബം പുറത്തുവിട്ടിരുന്നു.

‘ആശുപത്രിയില്‍ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല. വെള്ളിയാഴ്ച രാത്രിയിലാണ് എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ എത്തിയത്. അഞ്ച് ദിവസമായിട്ടും എന്റെ കാര്യത്തില്‍ കാണിക്കുന്ന ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണ് എന്ന് മനസിലാകുന്നില്ല’; എന്നാണ് വേണുവിന്റെ വാക്കുകള്‍. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഈ ശബ്ദ രേഖ പുറത്തുവിടണമെന്നും വേണു ആവശ്യപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button